ബാല്യകാലസഖി (നോവൽ)
വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ഒരു മലയാള നോവലാണ് ബാല്യകാലസഖി. 1944 ൽ പ്രസിദ്ധീകരിച്ച ഈ കൃതി ബഷീറിന്റെ ഏറ്റവും മികച്ച കൃതിയായി പലരും കണക്കാക്കുന്നു. കുട്ടിക്കാലം മുതൽ പരസ്പരം സ്നേഹിക്കുന്ന മജീദിനെയും സുഹ്റയെയും ചുറ്റിപ്പറ്റിയാണ് കഥ. ബഷീർ തന്റെ ജീവിതത്തിലെ യഥാർത്ഥ സംഭവങ്ങൾകൂടി ഉൾപ്പെടുത്തിയാണ് ഇത് രചിച്ചിരിക്കുന്നത്. അത്കൊണ്ട് തന്നെ ഒരർഥത്തിൽ ഇത് അദ്ദേഹത്തിന്റെ ആത്മകഥകൂടിയാണ്.
"ബാല്യകാലസഖി, ജീവിതത്തിൽനിന്നും വലിച്ചു ചീന്തിയ ഒരേടാണ്. വക്കിൽ രക്തം പൊടിഞിരിക്കുന്നു. ചിലർക്കു ചുടുചോര കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു പേടിയും അറപ്പും തോന്നും, ബോധക്ഷയം തന്നെ സംഭവിച്ചേക്കാം. അങ്ങനെയുള്ളവർ സൂക്ഷിച്ചുവേണം ഈ പുസ്തകം വായിക്കുവാൻ."
--എം.പി. പോൾ
കഥാപശ്ചാതലം
മജീദിന്റെയും സുഹറയുടെയും ബാല്യ കാല അനുഭവങ്ങൾ വിവരിച്ചു കൊണ്ടാണ് കഥ തുടങ്ങുന്നത് . മജീദിന്റെ ആണുങ്ങൾക്ക് എന്തും ചെയ്യാം എന്ന അവകാശത്തെ കൂർത്ത നഖങ്ങളുള്ള സുഹറ ചെറുത്തു തോല്പ്പിക്കുന്നത് "ഞാനിനിയും മാന്തും" എന്ന് ഭീഷണിപ്പെടുത്തിയാണ്.
പഠിക്കുന്ന കാലത്ത് സ്വാതന്ത്രസമരത്തിൽ ആവേശം കൊണ്ട് നാടുവിട്ട ബഷീർ, ഏതാണ്ട് പത്ത് വർഷങ്ങൾക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. അദ്ദേഹത്തിന്റെ ഈ ദേശാടനവേളയിൽ കൽകത്തയിലായിരിക്കുന്ന കാലം. താൻ താമസിയ്ക്കുന്ന ആറ് നിലക്കെട്ടിടത്തിന്റെ ടെറസ്സിൽ വിശ്രമിയ്ക്കുന്ന സമയത്ത് ഉറങ്ങിപ്പോയ ഇദ്ദേഹം എന്തോ ദുസ്വപ്നം കണ്ട് ഞെട്ടി എഴുന്നേറ്റു. അപ്പോൾ ഒരിഞ്ചിന്റെ വ്യത്യാസത്തിൽ തന്റെ മുൻപിൽ അഗാധമായ താഴ്ചയിൽ അദ്ദേഹം നഗരത്തെ കണ്ടു. താൻ മരണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു എന്ന് അദ്ദേഹം മനസ്സിലാക്കി. വീണ്ടും നിദ്രയിലാണ്ട അദ്ദേഹത്തിന്റെ സ്വപ്നത്തിൽ തന്റെ കളിക്കൂട്ടുകാരിയായ സുഹറ പ്രത്യക്ഷപ്പെട്ടു. താൻ മരിച്ച്‌പോയെന്നും തന്നെ അടക്കം ചെയ്തെന്നും അവൾ പറഞ്ഞു. അങ്ങനെയാണത്രേ തന്റെ കളിക്കൂട്ടുകാരിയുടെ അകാലമരണം അദ്ദേഹം അറിഞ്ഞത്. പിറ്റേന്ന് തന്നെ തന്റെ വിചിത്രങ്ങളായ ഈ അനുഭവങ്ങൾ, ബാല്യകാല അനുഭവങ്ങളോട് കൂടി അദ്ദേഹം രചിച്ചു. ഈ രചന ഇംഗ്ലീഷിലാണ് നടന്നത്. നാട്ടിലെത്തിയശേഷം അതു മാതൃഭാഷയിലേയ്ക്ക് തർജ്ജമ ചെയ്തു. ഈ കഥയിലെ നായകനായ മജീദ്, ബഷീർ തന്നെയും നായിക സുഹറ, അദ്ദേഹത്തിന്റെ ബാല്യകാല സഖിയും ആണ്.
രചനാ, സാഹിത്യം
കഥയുടെ ആദ്യ പകുതിയിൽ ബാല്യവും കൗമാരവുമാണ് മനോഹരമായി കൈകാര്യം ചെയ്യ്തിരിക്കുന്നു. പിന്നീടുള്ള പകുതി സങ്കടവും ദുഃഖവും നിറഞ്ഞതാണ്.
എന്നിരുന്നാലും ദാരിദ്ര്യത്തിൽ ജീവിക്കുന്ന ആളുകളുടെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയും അവർ അവരുടെ സ്വപ്നങ്ങളും മോഹങ്ങളും അവരിൽ തന്നെ സൂക്ഷിക്കുകയും ദൈനംദിന ജീവിതത്തിന്റെ ഉപജീവനത്തിനായി പൊരുതുകയും ചെയ്യുന്നതെല്ലാം ഈ കൃതിയിൽ വ്യക്തമായി എഴുതിവച്ചിരിക്കുന്നു.
തീവ്രമായ സന്ദർഭങ്ങളും ലാഘവത്വത്തോടെ കൈകാര്യം ചെയ്തിരിക്കുന്നു. തികഞ്ഞ ദുഃഖത്തിന്റെ നിമിഷങ്ങളിൽ പോലും, രചയിതാവ് നർമ്മം ഉപേക്ഷിക്കാൻ മുതിരുന്നില്ല.
നോവലിൽ പ്രണയത്തെക്കുറിച്ച് സത്യസന്ധമായി സംസാരിക്കുന്നുണ്ട് എന്നിട്ടും ആ തരത്തിലുള്ള സ്നേഹം പൂർത്തീകരിക്കപ്പെടാതെ പോകുന്നു. പ്രേമിക്കുന്നവർക്ക് ജീവിതത്തിന്റെ കഠിനമായ യാഥാർത്ഥ്യങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമെന്നും എല്ലാ ത്യാഗങ്ങൾക്കും പ്രതിഫലം ലഭിക്കണമെന്നില്ലയെന്നും രചയിതാവ് ഓർമപ്പെടുത്തുന്നു.
നിരവധി ഭാഷകളിലേക്ക് നോവൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ആർ.ഇ. ആഷർ, അച്ചാമ്മ കോയിൽപറമ്പിൽ, ചന്ദ്രശേഖരൻ എന്നിവർ ഇംഗ്ലീഷിലേക്കും. സുഹൈൽ അബ്ദുൽ ഹക്കീം വാഫി അറബിയിലേക്കും ഈ കൃതി പരിഭാഷപ്പെടുത്തി.
2 അഭിപ്രായങ്ങള്‍
ബഷീറിന്റെ ഇതിഹാസം
മറുപടിഇല്ലാതാക്കൂgood love story
മറുപടിഇല്ലാതാക്കൂ