പാത്തുമ്മയുടെ ആട് (നോവൽ)
വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു ക്ലാസിക് രചനയാണ് പാത്തുമ്മയുടെ ആട്. ബഷീർ തന്നെ അലട്ടിയിരുന്ന മാനസിക അസുഖത്തിന് ചികിൽത്സയും വിശ്രമവുമായി വൈകത്തിനടുത്ത് തലയോലപ്പറമ്പിലുള്ള തന്റെ കുടുംബ വീട്ടിൽ കഴിയുന്ന സമയത്താണ് ബഷീർ ഇത് എഴുതുന്നത്. 1959-ൽ ഈ കൃതി പ്രസിദ്ധീകരിച്ചു. ഈ നോവലിന് 'പെണ്ണുങ്ങളുടെ ബുദ്ധി' എന്നൊരു പേരും ഗ്രന്ഥകർത്താവ് നിർദ്ദേശിച്ചിരുന്നു.
ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും ജീവിതത്തിന്റെ അഗാധതയും വ്യാപ്തിയും അനുഭവിപ്പിച്ച ബഷീറിയൻ ക്ലാസ്സിക്
എഴുത്തിന്റെ പശ്ചാത്തലം
ബഷീറിൻറെ ഉമ്മയും , സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന കൂട്ടുകുടുംബം ഒരു ചെറിയ വീട്ടിൽ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങൾ തന്റെ തനതു ശൈലിയിൽ വിവരിച്ചിരിക്കുകയാണ് ബഷീർ ഈ നോവലിൽ. ആ വീട്ടിലെ ഓരോ കുടുംബാംഗവും എന്ന് വേണ്ട ബഷീറിന്റെ സഹോദരി പാത്തുമ്മ വളർത്തുന്ന ആട് വരെ ഈ നോവലിലെ കഥാപാത്രങ്ങളാണ്.
" ഒരു കുടുംബരംഗത്തിൽവെച്ച്, ഒരു വ്യവസ്ഥയുടെ വൈരുധ്യങ്ങൾ അതിനെത്തന്നെ എങ്ങനെ തകർക്കുന്നുവെന്ന് ബഷീർ കാണിച്ചു തരുന്നു. അങ്ങനെ ചെയ്യുമ്പോൾ എന്താണ് ആത്യന്തികമായ നന്മയും എന്താണ് അകൈതവമായ നീതിയും എന്ന മൗലികമായ ചോദ്യങ്ങൾ ഉന്നയിക്കുന്നതുകൊണ്ടാണ് ബഷീർ മനഃസാക്ഷിയുടെ മുഴക്കമായിത്തീരുന്നത്.
-എം. എൻ. വിജയൻ
പാത്തുമ്മ
നോവലിലെ പ്രധാന കഥാപാത്രമാണ് പാത്തുമ്മ. പേര് സൂചിപ്പിക്കും പോലെ ഈ പാത്തുമ്മയുടെ ആടിനെ ചുറ്റിപ്പറ്റിയാണ് നോവലിലെ കഥയുടെ കിടപ്പ്. ബഷീറിന്റെ രണ്ട് സഹോദരിമാരിൽ മൂത്തത് പാത്തുമ്മയാണ്. പാത്തുമ്മയ്ക്കും ഭർത്താവ് കൊച്ചുണ്ണിക്കും ഖദീജ എന്നൊരു മകളുണ്ട്. ബഷീറിന്റെ സഹോദരങ്ങളിൽ തറവാട്ടിൽ നിന്ന് മാറിത്താമസിക്കുന്നത് പാത്തുമ്മ മാത്രമാണ്. എങ്കിലും എല്ലാ ദിവസവും രാവിലെത്തന്നെ മകളേയും കൂട്ടി അവർ തറവാട്ടിലെത്തും. പാത്തുമ്മക്ക് കാര്യമായ വിദ്യാഭ്യാസമൊന്നുമില്ല. എങ്കിലും കുടുംബത്തിന്റെ വളർച്ചക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്ന ഒരു സ്ത്രീയാണവർ. പാത്തുമ്മ പറഞ്ഞിരുന്നതു പോലെ ഒരിക്കൽ പാത്തുമ്മയുടെ ആട് പെറ്റു. ആട്ടിൻ പാൽ വിറ്റുകിട്ടുന്ന പണം കൊണ്ട് വീടിന്റെ വാതിൽ നന്നാക്കുന്നതുൾപ്പെടെ പലതും ചെയ്യണമെന്നു പാത്തുമ്മ വിചാരിച്ചിരുന്നു. പക്ഷേ തന്റെ കുടുംബക്കാർക്കു വേണ്ടി ആടിന്റെ പാൽ കൈക്കൂലിയായി പാത്തുമ്മക്ക് ഉപയോഗിക്കേണ്ടി വന്നു.
സംഭവം ഇങ്ങനെ: ഒരിക്കൽ ബഷീറിനെ പാത്തുമ്മ തന്റെ വീട്ടീലേക്ക് ക്ഷണിക്കുന്നു. പത്തിരിയും കരൾ വരട്ടിയതും വെച്ച് സൽക്കരിക്കുന്നു. എന്നാൽ പാത്തുമ്മയുടെ മറ്റു സഹോദരങ്ങളായ അബ്ദുൽ ഖാദറിനും ഹനീഫക്കും ഇത് സഹിക്കാൻ പറ്റുന്നില്ല. പാത്തുമ്മായുടെ ഭർത്താവ് അവർക്കു കടപ്പെട്ടിരുന്ന പണത്തിന്റെ പേരിൽ ഭർത്താവിനേയും പാത്തുമ്മായേയും മകൾ ഖദീജയേയും ഒന്നും രണ്ടും മൂന്നും പ്രതികളാക്കി കേസുകൊടുക്കുമെന്നും ആടിനെ ജപ്തിചെയ്യിക്കുമെന്നും സഹോദരങ്ങൾ ഭീഷണിപ്പെടുത്തി. അങ്ങനെയാണ് പാത്തുമ്മക്ക് ആട്ടുംപാൽ കൈക്കൂലിയായി ഉപയോഗിക്കേണ്ടി വന്നത്. കൈക്കൂലിയായി നേരേ കിട്ടുന്ന പാലിനു പുറമേ, പാത്തുമ്മ അറിയാതെ ആടിന്റെ പാൽ അവർ കറന്നെടുക്കുകയും ചെയ്തിരുന്നു.
2 അഭിപ്രായങ്ങള്‍
classic novel
മറുപടിഇല്ലാതാക്കൂgood work
മറുപടിഇല്ലാതാക്കൂ