മതിലുകൾ (നോവൽ)
വൈക്കം മുഹമ്മദ് ബഷീർ എഴുതിയ പ്രസിദ്ധമായ നോവലാണ് മതിലുകൾ. 'കൗമുദി' ആഴ്‌ചപതിപ്പിന്റെ 1964-ലെ ഓണം വിശേഷാൽ പ്രതിയിലാണ് മതിലുകൾ ആദ്യമായി പ്രസിദ്ധീകരിച്ചത്.
മലയാളത്തിലെ പ്രശസ്തമായ ഒരു പ്രേമകഥയാണ് ഇത്. മറ്റു കൃതികളെപ്പോലെ തന്നെ ആത്മകഥാപരമാണ് ഈ നോവലും. രാഷ്ട്രീയത്തടവുകാരനായി ജയിലിലെത്തുന്ന ബഷീർ അവിടെ നേരിടുന്ന ചില അനുഭവങ്ങളാണു ഈ ലഘുനോവലിൽ ആവിഷ്കരിക്കുന്നത്. ഒരു മതിലിനപ്പുറത്തുള്ള സ്ത്രീ ജയിലിലെ നാരായണി എന്ന സ്ത്രീയുമായി പ്രണയത്തിലാവുകയും എന്നാൽ അതൊരിക്കലും സഫലമാകാതെ പോവുകയും ചെയ്യുന്നു. ഒരു നഷ്ടപ്രണയത്തിന്റെ വേദനയാണ് നോവൽ നമുക്ക് പകർന്നുതരുന്നത്.
ഇതിലെ നായകൻ ബഷീർ തന്നെയാണ്. അദ്ദേഹം ഇതിലെ നായിക നാരായണിയെ ഒരിയ്ക്കലും കണ്ടുമുട്ടുന്നില്ലെങ്കിലും അവരുമായി അഗാധപ്രണയത്തിലാണ്. രണ്ടുപേരും പരസ്പരം വേർതിരിയ്ക്കപ്പെട്ട ജയിലുകളിൽ ആണ് കഴിയുന്നതെങ്കിലും അവരുടെ പ്രേമത്തിന്റ തീവ്രതയ്ക്ക് അതൊരു ഭംഗവും വരുത്തുന്നില്ല. ഈ നോവലിൽ സ്വതന്ത്രത്തെ കുറിച്ച് പ്രതിപാദിക്കുന്ന വരികൾ ചിന്തോദ്ദീപകമായതാണ്.
ഈ നോവലിനെ അടിസ്ഥാനമാക്കി ഇതേ പേരിൽ അടൂർ ഗോപാലകൃഷ്ണൻ 1989-ൽ സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.
മതിലുകൾ എന്ന ബഷീർ നോവലിനെ അടിസ്ഥാനമാക്കി എം. ജെ ഇനാസ് എന്ന ശിൽപി കരിങ്കല്ലിൽ കൊത്തിയെടുത്ത മതിലുകൾ എന്ന ശില്പം പാലക്കാട് സുൽത്താൻകോട്ടയ്ക്കുള്ളിലെ ശില്പ വാടികയിൽ സ്ഥിതി ചെയ്യുന്നു.
'മതിലുകളി'ല്‍ കഥാകൃത്തിന്റെ ജയില്‍വാസം വര്‍ണനാവിഷയമാകുന്നു. പക്ഷേ, ആ കഥയും പോലീസ് മര്‍ദ്ദനങ്ങളെക്കുറിച്ചോ രാഷ്‌ട്രീയത്തടവുകാര്‍ക്ക് അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളെക്കുറിച്ചോ അല്ല. "ആരും എന്നെ തല്ലിയില്ല", അദ്ദേഹം എഴുതുന്നുഃ "ലോക്കപ്പില്‍ക്കിടന്ന് ഞാന്‍ കുറേ പോലീസ് കഥകളെഴുതി. കടലാസും പെന്‍സിലും പോലീസ് ഇന്‍സ്‌പെക്‌ടര്‍ തന്നതാണ്." അതുപോലെതന്നെ ജയിലിനുളളിലെ അന്തരീക്ഷവും അത്ര കഠോരമായിരുന്നില്ല. ഭക്ഷണത്തിന് കോഴിമുട്ടയുണ്ട്. ചായ കുടിക്കാം, ബീഡി വലിക്കാം, വായിക്കാം. അവിടെവച്ച് ബഷീര്‍ ബ്രിഡ്‌ജ് കളിക്കാന്‍കൂടി പഠിച്ചുവത്രെ. പക്ഷേ, മതിലുകളും വാതിലുകളും ഉണ്ടായിരുന്നു. എവിടെ നോക്കിയാലും വാര്‍ഡന്‍മാരും. ജയിലറുമായും ജയില്‍സൂപ്രണ്ടുമായും അദ്ദേഹം രമ്യതയില്‍ കഴിഞ്ഞു. ജയില്‍വളപ്പില്‍ പനിനീര്‍ച്ചെടികള്‍ നട്ടുപിടിപ്പിച്ച് ഒരു പൂന്തോട്ടവും അദ്ദേഹം ഉണ്ടാക്കിക്കളഞ്ഞു. പക്ഷേ, ഇതെല്ലാം ഒരു പ്രേമകഥയുടെ പശ്ചാത്തലവിവരണങ്ങളാണെന്ന് ഓര്‍ക്കണം. 'മതിലുകള്‍ എന്ന പേരില്‍ ഒരു ചെറിയ പ്രേമകഥ നിങ്ങളാരെങ്കിലും കേട്ടിട്ടുണ്ടോ?' എന്നിങ്ങനെയാണ് കഥ ആരംഭിക്കുന്നതുതന്നെ. ബഷീര്‍ എഴുതിയ പ്രേമകഥകളില്‍വച്ച് ഏറ്റവും അസാധാരണമായ ഒരു പ്രേമകഥ. സംഭവം കഴിഞ്ഞു കൊല്ലങ്ങള്‍ക്കുശേഷം ഏകാന്തതയില്‍ നുണഞ്ഞാസ്വദിക്കുന്ന ഒരു പ്രേമകഥ.
- ഡോ. ആർ.ഇ ആഷർ
കഥാസംഗ്രഹം
ബഷീർ ബ്രിട്ടീഷുകാർക്ക് എതിരെ എഴുതിയെന്ന കുറ്റത്തിന് ജയിലിൽ എത്തുന്നു. സരസനായ ബഷീർ ജയിലിലെ മറ്റു പുള്ളികളെയും ചെറുപ്പക്കാരനായ ജയിൽ വാർഡനെയും കൂട്ടുകാരാക്കുന്നു.. ഒരു ദിവസം മതിലിനപ്പുറത്തെ സ്ത്രീത്തടവുകാരുടെ ജയിലിൽ നിന്നും ബഷീർ നാരായണി എന്ന ഒരു സ്ത്രീയുടെ ശബ്ദം കേൾക്കുന്നു. തുടർന്ന് ഇരുവരും പരിചയത്തിൽ ആകുകയും ഇടയ്ക്കിടെ സംഭാഷണം നടത്തുകയും ചെയ്യുന്നു. ക്രമേണ രണ്ടുപേരും പ്രണയതിലാകുന്നു. പരസ്പരം കാണാതെ തന്നെ ഇരുവരും പരസ്പരം സമ്മാനങ്ങൾ കൈമാറുകയും ചെയ്യുന്നു. ഒരിയ്ക്കൽ നാരായണി പരസ്പരം കണ്ടുമുട്ടാനുള്ള വഴി ചിന്തിച്ചുണ്ടാക്കുന്നു. കുറച്ചുദിവസങ്ങൾക്കു ശേഷം ഒരേ ദിവസം തന്നെ ജയിലിനോടനുബന്ധിച്ചുള്ള ആശുപത്രിയിൽ വെച്ച് കണ്ടുമുട്ടാം എന്നായിരുന്ന നാരായണിയുടെ പ്ലാൻ. അതിനുവേണ്ടി ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന ബഷീറിന് പൊടുന്നനെ ആ വാർത്ത കേൾക്കേണ്ടി വരുന്നു. താൻ അതിനുമുൻപ് തന്നെ ജയിൽമോചിതനാകും എന്ന്. അതുവരെ കൊതിച്ചിരുന്ന മോചനം വേണ്ട എന്ന് അദ്ദേഹത്തിന് തോന്നിത്തുടങ്ങുന്നു. കൈയിൽ ഒരു റോസാപുഷ്പവും പിടിച്ചു ബഷീർ ജയിലിനടുത്തു നിൽക്കുന്നതായി കാണിച്ചു കഥ അവസാനിയ്ക്കുന്നു.
1 അഭിപ്രായങ്ങള്‍
classic love
മറുപടിഇല്ലാതാക്കൂ