Advertisement

Responsive Advertisement

വൈക്കം മുഹമ്മദ് ബഷീർ: ജീവചരിത്രം

 വൈക്കം മുഹമ്മദ് ബഷീർ 

Biography of Vaikom Muhammad Basheer.


സ്വാതന്ത്ര്യസമര പോരാളിയും പ്രശസ്തനായ മലയാള നോവലിസ്റ്റും കഥാകൃത്തുമാണ് വൈക്കം മുഹമ്മദ് ബഷീർ. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അദ്ദേഹം അറിയപ്പെടുന്നു.

ജനനം : 1908 ജനുവരി 21 തലയോലപ്പറമ്പ്, വൈക്കം, കോട്ടയം ജില്ല.

മരണം : 1994 ജൂലൈ 5 ബേപ്പൂർ, കോഴിക്കോട് ജില്ല. 

1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. മുൻ മാതൃകകളില്ലാതെ മലയാളത്തിൽ പുതിയ സാഹിത്യ ശൈലി ഉപയോഗിക്കുകയും മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനായി തീരുകയും ചെയ്തു.


കുടുംബം

തിരുവിതാംകൂറിലെ വൈക്കം താലൂക്കിൽ ഉൾപ്പെട്ട തലയോലപ്പറമ്പ് ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചതും വളർന്നതും. പിതാവ് കായി അബ്ദുറഹ്‌മാൻ, മാതാവ് കുഞ്ഞാത്തുമ്മ. ഇവരുടെ ആറുമക്കളിൽ മൂത്തയാളായിരുന്നു ബഷീർ. അബ്ദുൾഖാദർ, പാത്തുമ്മ, ഹനീഫ, ആനുമ്മ, അബൂബക്കർ എന്നിവരായിരുന്നു സഹോദരങ്ങൾ.


ഫാബി ബഷീർ (ഭാര്യ)

വൈക്കം മുഹമ്മദ്‌ ബഷീറിൻറെ ഭാര്യയും സാഹിത്യകാരിയുമായിരുന്നുഫാബി ബഷീർ എന്ന ഫാത്തിമ ബീവി. അരീക്കോട് കോയക്കുട്ടി മാസ്റ്ററുടെയും പുതുക്കുടി പറമ്പിൽ തൊണ്ടിയിൽ ഖദീജയുടെയും ഏഴു മക്കളിൽ മൂത്തവളായി 1937 ജൂലൈ 15 നാണ് ഫാത്തിമ ബീവി ജനിച്ചത്‌. 1957 ഡിസംബർ 18നായിരുന്നു ബഷീറുമായുള്ള വിവാഹം. 

2015 ജൂലൈ 15ന് 78 ആം ജന്മദിനത്തിൽ അവർ നിര്യാതയായി. ബഷീറുമായുള്ള 36 വർഷത്തെ ദാമ്പത്യ ജീവിതത്തിൻെറ ഓർമകൾ ഉൾക്കൊള്ളുന്ന 'ബഷീറിൻറെ എടിയേ' എന്ന പേരിൽ ഡി സി ബുക്‌സ് ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബഷീറിന്റെ വ്യക്തജീവിതത്തിലെ മറ്റാരും അറിയാത്ത അനുഭവങ്ങളും രഹസ്യങ്ങളുമാണ് ഈ പുസ്തകത്തിലൂടെ ഫാബി തുറന്നുപറയുന്നത്.

ഇവർക്ക് അനീസ്, ഷാഹിന എന്നീ രണ്ടു മക്കളുണ്ട്.


പഠനം 

തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിൽ നിന്നും വൈക്കം ഇംഗ്ളീഷ് സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ഉന്നത വിദ്യാഭ്യാസത്തിനായി വൈക്കത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർന്നു.

സ്കൂൾ പഠനകാലത്ത്‌ കേരളത്തിലെത്തിയ ഗാന്ധിയെ കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ്‌ ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്‌.


ആദ്യകാല ജീവിതം

വൈക്കം സത്യാഗ്രഹം നടക്കുന്ന സമയത്താണ് ഗാന്ധിജി കേരളത്തിലെത്തിയത്. ഈ സമയത്താണ് ബഷീർ മഹാത്മാഗാന്ധിയെ കണ്ടത്. ഗാന്ധി സഞ്ചരിച്ചിരുന്ന കാറിൽ കയറി അദ്ദേഹത്തിന്റെ കൈ തൊട്ടതെങ്ങനെയെന്നതിനെക്കുറിച്ചുള്ള അനുഭവങ്ങളെക്കുറിച്ച് വളരെ അഭിമാനത്തോടെ ബഷീർ പിന്നീട് എഴുതി. മഹാത്മാഗാന്ധിയുടെ സ്വദേശി ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹം ഖദർ ധരിക്കാൻ തുടങ്ങിയത്.


സ്വാതന്ത്ര്യസമരത്തിൽ

സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ പങ്കുചേരാൻ തീരുമാനിച്ച ബഷീർ, ഹൈ സ്കൂൾ പഠനം ഉപേക്ഷിച്ച് മലബാറിലെത്തി 1930 ലെ ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്തു. അവിടെ വെച്ച് അറസ്റ്റിലാവുകയും മൂന്ന് മാസം തടവിന് കണ്ണൂർ ജെയിലിലേക്ക് അയക്കപ്പെട്ടു. അവിടെ വെച്ച് വിപ്ലവകാരികളായ ഭഗത് സിംഗ്, സുഖ്‌ദേവ് ഥാപ്പർ, ശിവറാം രാജ്ഗുരു എന്നിവരുടെ വീരഗാഥകളിൽ നിന്ന് അദ്ദേഹത്തിന് പ്രചോദനമായി. അവിടെ വെച്ച് ബഷീർ ഒരു തികഞ്ഞ സ്വാതന്ത്ര്യ സമര സേനാനിയായിമാറി.

ഗാന്ധി - ഇർവിൻ കരാറിനെത്തുടർന്ന് 1931 മാർച്ചിൽ സഹ തടവുകാരോടൊപ്പം ബഷീറും മോചിതനായി. ഭഗത് സിംഗിനേയും സുഖ്ദേവ് സിംഗിനേയും തൂക്കിലേറ്റിയവരോടുള്ള പകയുമായിട്ടാണ് ബഷീർ പുറത്ത് വരുന്നത്.

ജയിൽ മോചിതനായ ബഷീർ സമാന ചിന്താഗതിക്കാരായ കുറച്ച് ചെറുപ്പക്കാരെക്കൂട്ടി ഭഗത് സിംഗ് മോഡൽ തീവ്ര സ്വഭാവമുള്ള സംഘടനയുണ്ടാക്കി സ്വാതന്ത്ര്യസമര പ്രവർത്തനമാരംഭിച്ചു. തുടർന്ന് കോൺഗ്രസ് നേതാവായ സൈനുദ്ദീന്റെ നേതൃത്വത്തിൽ "ഉജ്ജീവനം" എന്ന പത്രം തുടങ്ങി. ഉജ്ജീവനത്തിലെ ആദ്യ ലേഖനം "വിശ്വവിഖ്യാതനായ വിപ്ലവകാരി"എന്ന പേരിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു. പിന്നീട് "പ്രഭ" എന്ന തൂലികാ നാമത്തിൽ തീപ്പൊരി ലേഖനങ്ങൾ എഴുതി. ഇക്കാരണത്താൽ അദ്ദേഹത്തിന് എതിരെ അറസ്റ്റ് വാറണ്ട് ഉണ്ടാവുകയും അദ്ദേഹത്തിന് കേരളം വിടേണ്ടി വരികയും ചെയ്തു.


യാത്രകൾ

കേരളം വിടേണ്ടി വന്ന ബഷീർ പിന്നീട് ഒരു നീണ്ട യാത്ര ആരംഭിച്ചു, ഇന്ത്യയുടെ പലസ്ഥലങ്ങളിലും ഏഷ്യയിലെയും ആഫ്രിക്കയിലെയും പല സ്ഥലങ്ങളിലും ഏഴു വർഷത്തോളം സഞ്ചരിച്ചു. പട്ടിണിമാറ്റാൻ പല ജോലികളും ചെയ്തു. പാചകക്കാരൻ, പത്രം വിൽപ്പനക്കാരൻ, പഴംവിൽപ്പനക്കാരൻ, അക്കൗണ്ടന്റ്, കാവൽക്കാരൻ, ഹോട്ടൽ മാനേജർ തുടങ്ങി.

പല പല ജോലികൾ.ഹിന്ദു സന്യാസിമാരുമായും സൂഫികളുമായും ഹിമാലയത്തിലെ സന്യാസിമഠങ്ങളിലേക്കും ഗംഗാ നദീതടത്തിൽ, അവരുടെ ആചാരങ്ങളും രീതികളും പിന്തുടർന്ന്, അഞ്ച് വർഷത്തിലേറെ. പട്ടിണികൊണ്ട് മരണം മുഖാമുഖം കാണുക വരെ ചെയ്തു. അജ്മീർ, പെഷവാർ, കശ്മീർ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ ചെറിയ ജോലികൾ ചെയ്ത ശേഷം 1930 കളുടെ മധ്യത്തിൽ ബഷീർ എറണാകുളത്തേക്ക് മടങ്ങി. 

ഈ സമയം പിതാവിന്റെ കച്ചവടം തകരുകയും കുടുംബം ദാരിദ്ര്യത്തിലാവുകയും ചെയ്തിരുന്നു. വീട്ടിലെത്തിയ ബഷീർ ഒരു ജോലിക്കുവേണ്ടി ജയകേസരി എന്ന പത്രത്തിന്റെ ഓഫീസിലെത്തി. അവിടെ ജോലിയില്ല പേപ്പറിനായി കഥ എഴുതിയാൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്തു. അങ്ങനെ ജയകേസരിക്ക് വേണ്ടി കഥകൾ എഴുതാൻ തുടങ്ങി.

ഈ പത്രത്തിലാണ് 1937 ൽ അദ്ദേഹത്തിന്റെ ആദ്യത്തെ കഥ "എന്റെ തങ്കം" പ്രസിദ്ധീകരിച്ചത്.


ജയിൽ ജീവിതവും എഴുത്തും

തിരുവിതാംകൂർ ദിവാൻ രാമസ്വാമി അയ്യർക്കെതിരെ എഴുതിയതിന് അദ്ദേഹം വീണ്ടും അറസ്റ്റു ചെയ്യപ്പെട്ടു (1941–42) ൽ ആദ്യം കോട്ടയത്തു പിന്നീട് കൊല്ലം കസ്ബ പോലീസ് സ്റ്റേഷനിലെ മറ്റൊരു ലോക്കപ്പിലേക്ക് മാറ്റുകയും ചെയ്തു. പൊലീസുകാരിൽ നിന്നും തടവുകാരിൽ നിന്നും കേട്ട കഥകൾ പിന്നീടുള്ള കൃതികളിൽ പ്രത്യക്ഷപ്പെട്ടു, 

ജയിലിലായിരിക്കുമ്പോൾ തന്നെ അദ്ദേഹം കുറച്ച് കഥകൾ എഴുതി. വിചാരണ കാത്തിരിക്കുന്ന ലോക്ക്അപ്പിൽ അദ്ദേഹം വളരെക്കാലം ചെലവഴിച്ചു, വിചാരണയ്ക്ക് ശേഷം രണ്ട് വർഷവും ആറുമാസം തടവും അനുഭവിച്ചു. 

ഈ കാലത്താണ് അദ്ദേഹം പ്രേമലേഖനവും ബാല്യകാലസഖിയും എഴുതിയത്. 1944 ൽ ബാല്യകാലസഖി പ്രസിദ്ധീകരിച്ചു. അദ്ദേഹം എറണാകുളത്ത് രണ്ട് പുസ്തക സ്റ്റാളുകൾ നടത്തിയിരുന്നു. സർക്കിൾ ബുക്ക്‌ഹൗസും പിന്നീട് ബഷീറിന്റെ ബുക്ക്‌സ്റ്റാളും.

ഇന്ത്യൻ സ്വാതന്ത്ര്യത്തിനുശേഷം, സജീവമായ രാഷ്ട്രീയത്തിൽ അദ്ദേഹം കൂടുതൽ താൽപര്യം കാണിച്ചില്ലെങ്കിലും ധാർമ്മികതയെയും രാഷ്ട്രീയ സമഗ്രതയെയും കുറിച്ചുള്ള ആശങ്കകൾ അദ്ദേഹത്തിന്റെ കൃതികളിലുടനീളം നിലനിൽക്കുന്നുണ്ട്.

രണ്ടു തവണ അദ്ദേഹത്തിന് മാനസികരോഗമുണ്ടാവുകയും സുഖപ്പെടുകയും ചെയ്തു. തൃശ്ശൂരിലെ ഒരു മാനസികരോഗാശുപത്രിയിൽ ചികിത്സയിലായിരിക്കെ അദ്ദേഹം തന്റെ ഏറ്റവും പ്രശസ്തമായ കൃതികളിലൊന്നായ "പത്തുമ്മയുടെ ആട്" എഴുതി.

1962-ൽ വിവാഹശേഷം ബേപൂരിൽ സ്ഥിരതാമസമാക്കി. ബേപ്പൂരിലെ തന്റെ സുൽത്താനായിട്ടുള്ള ജീവിതം എഴുതിയപ്പോളാണ്. അദ്ദേഹത്തിന് ബേപ്പൂർ സുൽത്താൻ എന്ന അപരനാമം വന്നത്.


ഭാഷാ ശൈലി

മലയാളത്തിൽ അന്നുവരെ പരിചയമില്ലാത്ത പുതിയ ഭാഷാ ശൈലി കൊണ്ടുവന്ന് മലയാളികളുടെ ഇഷ്ടം സമ്പാദിച്ച സാഹിത്യ കാരനാണ് ബഷീർ. മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കിൽ ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. 

ഹാസ്യം കൊണ്ട് വായനക്കാരെ ചിരിപ്പിച്ചു, കൂടെ ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു. മറ്റു സാഹിത്യകാരിൽ നിന്നും വ്യത്യസ്തമായി സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകളാണ് അദ്ദേഹം പറഞ്ഞത്. ആ കഥാപാത്രങ്ങളെ ജീവസ്സുറ്റതാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു. 

സമൂഹത്തിനു നേരെയുള്ള വിമർശനം നിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു. സമൂഹത്തിൽ ഉന്നത നിലവാരം പുലർത്തുന്നവർ മാത്രം നായകൻമാരാവുക, മുസ്‌ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളിൽ നിന്നും നോവലുകൾക്ക് മോചനം നൽകിയത് ബഷീറാണ്. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി.

സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ തന്റെ കൃതിയിലൂടെ നർമ്മം കലർത്തി അവതരിപ്പിച്ചു. ഇത്തരത്തിൽ വ്യത്യസ്തകളിലൂടെ ബഷീർ ജനങ്ങളുടെ ഇഷ്ട സാഹിത്യകാരനായി മാറി.


ബഹുമതികൾ

ഇന്ത്യാ ഗവൺമന്റിന്റെ പത്മശ്രീ (1982).

കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1970).

കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1981).

കാലിക്കറ്റ് സർവ്വകലാശാലയുടെ 'ഡോക്ടർ ഓഫ് ലെറ്റേഴ്സ്' ബിരുദം (1987).

സംസ്കാരദീപം അവാർഡ് (1987).

പ്രേംനസീർ അവാർഡ് (1992).

ലളിതാംബിക അന്തർജ്ജനം അവാർഡ് (1992).

മുട്ടത്തുവർക്കി അവാർഡ് (1993).

വള്ളത്തോൾ പുരസ്കാരം‌(1993).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

6 അഭിപ്രായങ്ങള്‍